District News
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിലൂടെ വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാറിന് ഇടതു സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുകയാണെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റി മാവൂര്‍ റോഡ് ഉപരോധിച്ചു. സമരത്തില്‍ പ്രധാനമന്ത്രിയുടെ ഷൂ തുടയ്ക്കുന്ന കേരള മുഖ്യമന്ത്രിയെ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഭാരവാഹികളായ അന്‍സാര്‍ പെരുവയല്‍, സി.എം.മുഹാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഫ്ലു പട്ടോത്ത്, സി.വി.ജുനൈദ്, വജാഹത് സനീന്‍, യാസീന്‍ കൂളിമാട്, എം.പി. സാജിദ് റഹ്മാന്, ഇര്ഫാന് പള്ളിത്താഴം, അഫ്നാന് നന്മണ്ട, പി.കെ.അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീയിൽ സർക്കാർ ഒപ്പുവച്ചതിനെച്ചൊല്ലിയുണ്ടായ സിപിഎം-സിപിഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇടതുനയം മാത്രം നടപ്പിലാക്കാനുള്ള ഏജൻസിയല്ല സർക്കാരെന്നും പിഎംശ്രീയിൽ സിപിഐക്കുള്ള ആശങ്ക സിപിഎമ്മിനും ഉണ്ടെന്നായിരുന്നു ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
തൊട്ടുപിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമെത്തി. സർക്കാർ തിരുത്തിയേ മതിയാകൂവെന്നും ഇല്ലെങ്കിൽ 27നു ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിനു ശേഷം കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ എൻഇപി നടപ്പിലാക്കില്ലെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ സ്വാഗതം ചെയ്ത ബിനോയ് പിഎംശ്രീ പദ്ധതിയിയിലും പതിവുപോലെ സർക്കാരിനൊപ്പം ചേർന്നുനിൽക്കുമെന്ന പ്രതീതിയാണു ജനിപ്പിച്ചത്.
ഇന്നലെ രാവിലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനമാണു സിപിഎമ്മിനെതിരേയും സർക്കാരിനെതിരേയും ഉണ്ടായത്. ഇടതുമുന്നണിയെയും മന്ത്രിസഭയിലെ പാർട്ടി മന്ത്രിമാരെയും നോക്കുകുത്തിയാക്കി പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ട നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ശക്തമായ തീരുമാനം ഇക്കാര്യത്തിൽ വേണമെന്നും സെക്രട്ടേറിയറ്റംഗങ്ങൾ ബിനോയ് വിശ്വത്തോടു പറഞ്ഞു.
പാർട്ടി സെക്രട്ടേറിയറ്റിന്റെ വികാരം പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യം പറഞ്ഞു കത്തയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലുള്ള പാർട്ടി നിലപാടു വാർത്താസമ്മേളനം നടത്തി വിശദീകരിക്കാമെന്നും ബിനോയ് പറഞ്ഞു. കൂടാതെ ഇടതുമുന്നണിയിലെ എല്ലാ പാർട്ടികൾക്കും സിപിഐയുടെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ടുള്ള കത്തുനൽകാനും സെക്രട്ടേറിയറ്റ് പാർട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച രണ്ടുതവണ മന്ത്രിസഭായോഗം മാറ്റിവച്ചതാണ്. ആർഎസ്എസിന്റെ രാഷ്ട്രീയം നടപ്പിലാക്കാനുള്ള എൻഇപി പരിപാടി ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടിയും സിപിഎം നേതാക്കളും ആവർത്തിച്ചു വ്യക്തമാക്കിയതുമാണ്. എന്നാൽ നയപരമായ ഒരു കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ സർക്കാർ ഉദ്യോഗസ്ഥയെ പൊടുന്നനെ പറഞ്ഞയച്ചു നിർവഹിച്ചതിലെ നിഗൂഢതയെയാണു സിപിഐ സംശയിക്കുന്നത്. എന്തു രാഷ്ട്രീയ നീക്കുപോക്കാണു നടന്നതെന്ന സംശയവും സിപിഐയ്ക്കുണ്ട്. പദ്ധതിയിൽ ഒപ്പിട്ട സാഹചര്യത്തിൽ പിന്നോട്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവും സിപിഐക്കുണ്ട്. പാർട്ടി മന്ത്രിമാരെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള തീരുമാനമെങ്കിലും ഉണ്ടാകണമെന്ന നിലപാടിൽ തന്നെയാണു സിപിഐയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും. പക്ഷേ ഇക്കാര്യത്തിൽ ഒരഭിപ്രായവും ബിനോയ് വിശ്വം ഇതുവരെയും പങ്കുവച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ 27ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആലോചിക്കാമെന്നു മാത്രമാണു പാർട്ടി നേതാക്കളോട് ബിനോയ് പങ്കുവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശസന്ദർശന ശേഷം മടങ്ങിയെത്തുമ്പോൾ വിഷയത്തിൽ കൂടുതൽ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളാനാണു സിപിഎം തീരുമാനവും.
Kerala
കണ്ണൂര്‍ : പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എഐവൈ എഫ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശന മുദ്രാവാക്യങ്ങളായിരുന്നു പ്രവർത്തകർ ഉയർത്തിയത്.
കേന്ദ്രം വാഴും ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് സിപിഎം കുട്ടു നിൽക്കുന്നു, നാലു വെള്ളിക്കാശിനു വേണ്ടി ആദർശങ്ങളെ ശിവൻകുട്ടി ഒറ്റിക്കൊടുത്തു എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികളും ഉയർന്നു. പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. സാഗർ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചതിനൊപ്പം പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെയും വിമർശിച്ചു.
സിപിഎമ്മിന്റെ കീഴിൽ നിൽക്കേണ്ട ആവശ്യം സിപിഐക്കില്ലെന്നും പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ആരായാലും പ്രവർത്തകർ നോക്കി നിൽക്കില്ലെന്നും സാഗർ പറഞ്ഞു. സിപിഐ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പിൻവലിക്കാൻ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണത്തിനു വേണ്ടി സിപിഎം കേരളത്തെ ആർഎസ്എസിന് അടിയറി വച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കോലം കത്തിക്കൽ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രകാന്ത്, സി. ജസ്വന്ത്, കെ.വി.പ്രശോഭ്, പ്രണോയ് വിജയൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് കണ്ണൂർ നഗരത്തിൽ എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തും. രാവിലെ 11ന് സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന പ്രകടനം കാൽടെക്സ് ജംഗ്ഷനിൽ സമാപിക്കും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫിന്റെ ശൈലി ഇതല്ല. ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലിയെന്നും മുന്നണി മര്യാദയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്‍ഡിഎഫിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്.
സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഗൗരവമായ വിഷയത്തിൽ എംഒയു ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലെ മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നു. രണ്ട് തവണ മന്ത്രിസഭയിൽ വന്നു, നയപരമായ തീരുമാനത്തിന് മാറ്റി വച്ച വിഷയം ആണിത്. പിന്നീട് ഒരിക്കലും എൽഡിഎഫിൽ ചർച്ചക്ക് വന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഒപ്പിട്ടത് വാർത്ത കണ്ടപ്പോള്‍ അന്വേഷിച്ചു, വാർത്ത ശരിയാണെന്ന് മനസിലായി. കേൾക്കുന്ന വാർത്ത ശരിയെങ്കിൽ മുന്നണി മര്യാദയുടെ ലംഘനം എന്ന് ഇന്നലെ പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇതെന്നും ആ സിസ്റ്റത്തിലേക്ക് മാറിയത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ല. ഫണ്ടിന്റെ കാര്യം പറഞ്ഞുള്ള ഒപ്പിടൽ വിശ്വസനീയമല്ല. ചരിത്രം തിരുത്താനുള്ള ലോംഗ് ടൈം അജണ്ടയുമായിട്ടാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.
ഗാന്ധി വധം തമസ്കരിക്കുന്നതടക്കം അതിന് ഉദാഹരണമാണ്. അത്തരം വീക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് എൻഇപി. അതുകൊണ്ടാണ് തമിഴ്നാടും മതേതര സർക്കാരുകളും പദ്ധതിയെ എതിർത്തത്. മറ്റു മതേതര സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എന്താണ് ഈ തീരുമാനത്തിന്റെ പിറകിൽ എന്ന് അറിയില്ല. എൽഡിഎഫിന്റെ ഘടകകക്ഷികൾക്ക് പോലും അത് വ്യക്തമായിട്ടില്ല. സിപിഐ തീരുമാനങ്ങൾ എടുത്തു പറയട്ടെയെന്നും അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരും പദ്ധതിയിൽ നേരെ പോയി ഒപ്പിട്ടിട്ടില്ലെന്നും ഫണ്ട് ബിജെപിയുടെ ഔദാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കടുത്ത എതിർപ്പ് എൽഡിഎഫിൽ പ്രകടിപ്പിക്കുന്നതിനിടെയാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തില്‍ അടിച്ചമര്‍ത്തലിന് ഇരയായി എല്‍ഡിഎഫില്‍ തുടരണൊയെന്ന് സിപിഐ ചിന്തിക്കണം. യുഡിഎഫിലേക്ക് വന്നാല്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ യുഡിഎഫിലേക്ക് വരണമെന്നും സിപിഎമ്മിന്റെ അപമാനം സഹിച്ച് എല്‍ഡിഎഫില്‍ തുടരരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നിന്നും പലരും കോണ്‍ഗ്രസിലേക്ക് വരുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവച്ചത്. സിപിഎം- ബിജെപി ബന്ധത്തിന് ഇടനിലയായിരിക്കുകയാണ് പിഎം ശ്രീയെന്നും സതീശൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണ്. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വച്ചിരിക്കുന്നത്. ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഡിഎഫ്.
സിപിഎം വിഷലിപ്തമായ പാഠ്യപദ്ധതിക്കാണ് വഴിമരുന്ന് ഇടാൻ പോകുന്നതെന്നും പിഎം ശ്രീ പദ്ധതിയിലൂടെ സംഘപരിവാർ വിഷം സ്കൂൾ സിലബസിൽ നിറയുമെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നിലപാട് ചരിത്രം അടയാളപ്പെടുത്തും. മുന്നണിയിൽ സിപിഐക്കും സ്വന്തം പാർട്ടിക്കാർക്കും പുല്ലുവിലയാണെന്നും സിപിഐ വിമർശനത്തെ തള്ളിയതിനെ കുറിച്ച് സിദ്ദിഖ് പരിഹസിച്ചു.
എല്ലാം ഒരാൾ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇടതുമുന്നണിയിലെന്നും സിദ്ധിഖ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ. മന്ത്രി കെ.രാജൻ പാർട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നൽകിയില്ല.
നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. രാവിലെ ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലാണ് കാബിനറ്റിൽ എതിർപ്പ് രേഖപ്പെടുത്താൻ നിർദേശമുണ്ടായത്.
ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവൻകുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പദ്ധതിയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.